ശുപാർശകൾ

കേരള സംസ്ഥാന പൈതൃക സംരക്ഷണ നയ രൂപീകരണത്തിനായുള്ള ശുപാർശകൾ


പൈതൃക സമ്പത്ത് ലോകമെങ്ങും കടുത്ത വെല്ലുവിളി നേരിടുകയാണ്.

ഈ വിഷയം രാജ്യാന്തര തലത്തിൽ തന്നെ ചർച്ചയായതിൻ്റെ തുടർച്ചയാണ് യുനസ്കോ പോലെയുള്ള രാജ്യാന്തര സംഘടനകളുടെ രൂപവൽക്കരണം.

പൈതൃക സംരക്ഷണം ഭരണകൂടത്തിൻ്റെയും പൗര സമൂഹത്തിൻ്റെയും ഉത്തരവാദിത്തമാണെന്ന് ഇന്ത്യൻ ഭരണഘടനയും വ്യക്തമാക്കിയിട്ടുണ്ട്.

അതിൻ്റെ പശ്ചാത്തലത്തിലാണ് ഇതുമായി ബന്ധപ്പെട്ട ശക്തമായ നിയമങ്ങൾ.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ), മോണ്യുമെൻ്റൽ അതോറിറ്റി ഓഫ് ഇന്ത്യ, തുടങ്ങിയ സ്ഥാപനങ്ങൾ അതിൻ്റെ തുടർച്ചയാണ്.

കേരളത്തിലും പുരാവസ്തു – പുരാരേഖാ വകുപ്പുകളുടെ രൂപവൽക്കരണവും അനുബന്ധ നിയമങ്ങളും ഉണ്ടായി.

ഇത്രയൊക്കെ ഉണ്ടായിട്ടും പൈതൃക സംരക്ഷണം ഫലപ്രദമല്ല.

പൈതൃക സമ്പത്തിനെക്കുറിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കു പോലും കൃത്യമായ കണക്കില്ല.

അതിൻ്റെ സംരക്ഷണ പട്ടികയിലുള്ള പലതിൻ്റെയും സംരക്ഷണം ഫലപ്രദമല്ല.

സാമ്പത്തികവും മനുഷ്യ വിഭവശേഷിയുമൊക്കെയാണ് വെല്ലുവിളി.

കേരളത്തിൽ സ്പർശ്യവും (Tangible), അസ്പർശ്യവും (Intangible) ആയ പൈതൃകങ്ങളുടെ കൃത്യമായ കണക്കില്ല.

എന്താണ് പൈതൃകം എന്നും എങ്ങനെ സംരക്ഷിക്കണമെന്നും അക്കാദമിക സമൂഹത്തിനോ പൊതു സമൂഹത്തിനോ വ്യക്തമല്ല.

പൈതൃക സാക്ഷരതയുടെ അനിവാര്യതയാണ് ഇതൊക്കെ വ്യക്തമാക്കുന്നത്.

ഈ സാഹചര്യത്തിലാണ് പൈതൃക അവബോധം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജ് ഈ നൂറ്റാണ്ടിന് 25 വർഷം തികയുന്ന 2025 ജനുവരി 18, 19 തീയതികളിൽ തിരുവനന്തപുരം മിത്രാ നികേതൻ സിറ്റി സെൻ്ററിൽ വച്ച് (തഞ്ചാവൂർ അമ്മ വീട്) കേരളത്തിലെ ആദ്യത്തെ പൈതൃക കോൺഗ്രസ് വിളിച്ചു ചേർത്തത്.

ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധരെ രണ്ടു ദിവസം ഒന്നിച്ചിരുന്ന് നടത്തിയ വിശദമായ സംവാദം കേരളത്തിന് സമഗ്രമായ ഒരു പൈതൃക നയം രൂപീകരിക്കണമെന്ന നിഗമനത്തിലാണ് എത്തിച്ചേർന്നത്.

ദേശീയ തലത്തിലെയും കേരളത്തിലെയും പൈതൃക സംരക്ഷണം സംബന്ധിച്ച സാമൂഹിക അവലോകനവും നടത്തി.

പൈതൃക കോൺഗ്രസിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങൾ ശുപാർശയായി ബഹുമാനപ്പെട്ട സംസ്ഥാന സർക്കാരിനു മുന്നിൽ സമർപ്പിക്കുകയാണ്.

ഇത് ഗൗരവമായി പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നു.



ബഹുമാനപ്പെട്ട മുഖ്യമന്ത്രി മുൻപാകെ തണൽക്കൂട്ടം കൾചറൽ സൊസൈറ്റി ഫോർ ഹെറിറ്റേജ് എന്ന സംഘടന സമർപ്പിക്കുന്ന നിവേദനം
കേരള സംസ്ഥാന പൈതൃക സംരക്ഷണ നയ രൂപീകരണത്തിനായുള്ള ശുപാർശകൾ


പൈതൃക സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന തണൽക്കൂട്ടം – സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജ് എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ, ഒന്നാം പൈതൃക കോൺഗ്രസ് 2025 ജനുവരി 18, 19 തീയതികളിൽ തിരുവനന്തപുരം മിത്രാനികേതൻ സിറ്റി സെന്ററിൽ ചേർന്ന പരിപാടിയിൽ പങ്കെടുത്ത വിദഗ്ധർ ആവിഷ്ക്കരിച്ച ശുപാർശകളും വിലയിരുത്തലുകളും, സർക്കാർ പരിഗണനയ്ക്കായി അവതരിപ്പിക്കപ്പെടുന്നു.



പശ്ചാത്തല നിരീക്ഷണങ്ങൾ

ഭാരതത്തിലെ ഭരണഘടനാ നിർദ്ദേശങ്ങൾ

ആർട്ടിക്കിള്‍ 51A(f):

പൗരന്മാരുടെ മൗലിക ഉത്തരവാദിത്വമായി പൈതൃക സംരക്ഷണം.

ആർട്ടിക്കിള്‍ 49:

സര്‍ക്കാരിന്റെ ഉത്തരവാദിത്വമായി സ്മാരക സംരക്ഷണം.



നിലവിലുള്ള കേന്ദ്ര നിയമങ്ങൾ


  • Ancient Monuments and Archaeological Sites and Remains Act, 1958 (AMASR) – സ്പർശ്യ പൈതൃക സംരക്ഷണത്തിനായുള്ള പ്രാഥമിക നിയമം.

  • Antiquities and Art Treasures Act, 1972 – പുരാവസ്തുക്കളുടെ കയറ്റുമതിയും വിൽപനയും നിയന്ത്രിക്കുന്നു.



വെല്ലുവിളികൾ

ദേശീയതലത്തിലുള്ള വിശകലനം

  • ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) യുടെ സംരക്ഷണത്തിലുള്ള സ്മാരകങ്ങളോ സ്ഥലങ്ങളോ ഉപകരണങ്ങളോ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല.

  • സംരക്ഷിത സ്മാരകങ്ങൾ തന്നെ പലതും പ്രകൃതി ക്ഷോഭങ്ങൾ, അണക്കെട്ടുകൾ, കയ്യേറ്റം തുടങ്ങിയ വിവിധ കാരണങ്ങളാൽ നശിച്ചു പോയി.

  • ഉള്ള സ്മാരകങ്ങൾ സംരക്ഷിക്കുന്നതിൽ സുരക്ഷാ ജീവനക്കാരുടെയും സാമ്പത്തിക വിഭവങ്ങളുടെയും കുറവ്.

  • അസ്പർശ്യ പൈതൃകത്തിനുള്ള (Intangible Heritage) നിയമരൂപത്തിലുള്ള സംരക്ഷണത്തിലൊഴിഞ്ഞ്, പദ്ധതി അടിസ്ഥാനത്തിലുള്ള പിന്തുണ മാത്രം.

കേരളത്തിലെ സ്ഥിതി നിരീക്ഷണം

  • 1968-ൽ നിലവിൽ വന്ന സംസ്ഥാന പൈതൃക സംരക്ഷണ നിയമം പല ഭാഗത്തും ഫലപ്രദമല്ല.

  • വിവിധ വകുപ്പുകൾ നിലവിലുണ്ടെങ്കിലും സംരക്ഷണം പരിമിതമാണ്.

  • താളിയോലകൾ, ഭൂമി, ജൈവ വൈവിധ്യങ്ങൾ, നാട്ടറിവ്, അഗ്രഹാരങ്ങൾ തുടങ്ങിയവ നഷ്ടമായി പോകുന്നു.

  • വിദേശത്ത് അനധികൃതമായി കയറ്റുമതി ചെയ്യുന്ന പൈതൃക വസ്തുക്കളെ കുറിച്ചും കർശന ഇടപെടൽ ആവശ്യമുണ്ട്.

ശുപാർശകൾ


നയപരമായ കാര്യങ്ങൾ

1.പൈതൃക സംരക്ഷണത്തിന് സംസ്ഥാനതല നയരൂപീകരണം നടത്തുക.

2.കേരളത്തിലെ സ്പർശ്യ-സ്പർശ്യേതര വസ്തുക്കളുടെ (Tangible and Intangible) പൈതൃക സംരക്ഷണത്തിനായി സമഗ്ര കണക്കെടുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ ആരംഭിക്കുക.

3.വിദഗ്ധ സമിതികൾ രൂപീകരിച്ച് കണക്കെടുപ്പ് നടത്താനും അവയുടെ മേൽനോട്ടം വഹിക്കാനും നടപടി സ്വീകരിക്കുക.

4.പൈതൃക സ്മാരകങ്ങളോട് ചേർന്നുള്ള നിരന്തരമായ നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ കർശനമായ മാനദണ്ഡങ്ങൾ രൂപപ്പെടുത്തുക.

5.സംരക്ഷിത സ്മാരകങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള അനുമതികൾക്കായി സുതാര്യമായ സംവിധാനം ഉറപ്പാക്കുക.

6.പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സംരക്ഷണ പദ്ധതികൾ ആവിഷ്കരിക്കുക.

7.ആർക്കിയോളജി, പുരാരേഖ, സാംസ്കാരികം, ടൂറിസം മേഖലകൾ ഏകോപിപ്പിച്ച് പ്രത്യേക വകുപ്പോ മന്ത്രാലയമോ രൂപപ്പെടുത്തുക.

8.പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ചേർന്ന് ഏകീകൃതമായി ‘പൈതൃക സംരക്ഷണ വകുപ്പ്’ എന്ന പേരിൽ പുതിയ ഒരു വകുപ്പിന്റെ രൂപീകരണം പരിഗണിക്കുക.

9.താളിയോലകൾ, നാട്ടറിവുകൾ, പരമ്പരാഗത വസ്തുക്കൾ എന്നിവ സംരക്ഷിക്കാനുള്ള പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുക.

10.ഹെറിറ്റേജ് ക്ലബ്ബുകൾ സ്കൂൾ തലത്തിൽ നിർബന്ധമാക്കി അതിന് പാഠ്യപദ്ധതിയിൽ സ്ഥാനം നൽകുക.

11.നിലവിലുള്ള ആർട് ആൻഡ് ഹെറിറ്റേജ് കമ്മിഷന്റെ പ്രവർത്തനം ശക്തിപ്പെടുത്തണം. പൈതൃക രംഗത്ത് കാര്യക്ഷമമായി ഇടപെടാൻ കഴിയുന്ന വിധത്തിൽ കൂടുതൽ അധികാരങ്ങളുള്ള സംവിധാനമാക്കുകയും പ്രവർത്തനത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കുകയും വേണം. സ്വതന്ത്രമായ രീതിയിൽ പ്രവർത്തിക്കാൻ കഴിയുന്ന വിധത്തിലുള്ള നിയമപരമായ സംവിധാനം വേണം.

12.പൈതൃക ബോധവൽക്കരണം സംസ്ഥാനതലത്തിൽ പ്രചാരണം നടത്തുക.

13.കടലുമായി ബന്ധപ്പെട്ട പൈതൃക മേഖലകൾ (Natural and Man made) കണ്ടെത്തുക, സംരക്ഷിക്കുക, പൊതുസമൂഹത്തിനു പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ മറൈൻ ആർക്കിയോളജി വിഭാഗം പ്രവർത്തനം ആരംഭിക്കുക.

14.അറബി മലയാളമുൾപ്പെടെ തദ്ദേശീയമായ എല്ലാ മുസലിം പൈതൃകങ്ങളെയും സംരക്ഷിക്കാൻ നടപടി വേണം.

15.ക്രിസ്ത്യൻ മിഷണറിമാർ കേരളത്തിനു നൽകിയ സംഭാവനകളുടെ തെളിവുകളായി അവശേഷിക്കുന്ന ചരിത്ര സ്മാരകങ്ങളുടെ വിവര ശേഖരവും സംരക്ഷണവും ഉറപ്പാക്കണം.

16.കേരളത്തിന്റെ സമുദ്രവ്യാപാരങ്ങളെ സംബന്ധിച്ച രേഖകൾ കണ്ടെടുക്കുകയും സംരക്ഷിക്കുകയും വേണം. ഈ രംഗത്ത് കൂടുതൽ ഗവേഷണങ്ങൾ വേണം.

17.ഗോത്ര ഭാഷയും സംസ്കാരവുമായി ബന്ധപ്പെട്ട സമ്പൂർണ വിവരശേഖരം നടത്തുകയും സംരക്ഷണ നടപടി ഉറപ്പാക്കുകയും വേണം.

ഉദ്ഗ്രഥനവും ഗവേഷണങ്ങളും

 

1.

പ്രാചീന തുറമുഖമായ ബക്കാരെ പുറക്കാട് കടപ്പുറത്താണെന്നു കണ്ടെത്തിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ടുള്ള ഉദ്ഘനനത്തിന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അനുമതി തേടിയിരുന്നതാണ്.

ഇതിലൂടെ കേരളത്തിന്റെ പ്രാചീന വ്യാപാരം, വ്യാപാര ബന്ധങ്ങൾ, കൃഷി, ജലപാതകൾ എന്നിവയെപ്പറ്റി സമഗ്രമായ വിവരം ലഭിക്കുമെന്നാണ് കരുതുന്നത്.

ഉദ്ഗ്രഥനം ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുക.




2.

പട്ടണം ഉദ്ഘനനം കേരളത്തിന്റെ പൈതൃകവും ചരിത്രവും കണ്ടെത്താനുള്ള വലിയ ചുവടുവയ്പാണ്.

അതിലൂടെ പുതിയ വസ്തുതകൾ ഉരുത്തിരിയുമെന്നാണ് പ്രതീക്ഷ.

ഈ ചുവടുവയ്പ് തുടരണം.

പ്രാചീന ബുദ്ധ വിഹാരമായ ശ്രീമൂലവാസം ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴയിലാണെന്നു കണ്ടെത്തിയിട്ടുണ്ട്.

ഇപ്പോൾ കടലിനടിയിലാണ്.

അതു വീണ്ടെടുത്താൽ കേരളത്തിലെ ബുദ്ധമതവുമായി ബന്ധപ്പെട്ട കൂടുതൽ വസ്തുതകൾ വ്യക്തമാകും.

അതിനുള്ള നടപടി വേണം.




3.

ചേർത്തലയ്ക്കു സമീപം ആലപ്പുഴ ജില്ലയിലെ കടക്കരപ്പള്ളിയിൽ നിന്നു കണ്ടെടുത്ത പ്രാചീന വള്ളം സംരക്ഷിക്കാനും അതിനെക്കുറിച്ചു കൂടുതൽ പഠിക്കാനും സംവിധാനം വേണം.




4.

തൃശൂർ ജില്ലയിലെ എയ്യാലിൽ നിന്നു കണ്ടെടുത്ത മഹാശിലായുഗ കാലത്തെ ശ്മശാന ഗുഹ ചരിത്ര സ്മാരകമാണ്.

അതുമായി ബന്ധപ്പെട്ട കൂടുതൽ ഗവേഷണങ്ങൾ വേണം.



 

5.

ഹോർത്തൂസ് ഇത്തിക്കസ്–മലബാറിക്കസിന്റെ ഗവേഷകനായ ഇട്ടി അച്യുതൻ വൈദ്യരുടെ സംഭാവനകൾ രേഖപ്പെടുത്തണം.



 

6.

സ്വാതി തിരുനാൾ, ഇരയിമ്മൻ തമ്പി, ഷട്കാല ഗോവിന്ദമാരാർ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ എന്നിവരുടെ സംഭാവനകൾ വരുംതലമുറയ്ക്കു പരിചയപ്പെടുത്താൻ സ്വാതി തിരുനാൾ സംഗീത കോളജിൽ പ്രത്യേക ചെയർ സ്ഥാപിക്കുക.



 

7.

ശബ്ദതാരാവലിയുടെ രചയിതാവ് ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള, മലയാള ഭാഷയ്ക്കും ചരിത്രത്തിനും സംഭാവന നൽകിയ ശൂരനാട് കുഞ്ഞൻപിള്ള, ഇളംകുളം കുഞ്ഞൻപിള്ള എന്നിവരുൾപ്പെടെ മലയാള ഭാഷയ്ക്കും കേരള ചരിത്ര ഗവേഷണ മേഖലകളിലും സംഭാവനകൾ നൽകിയവരുടെ സ്മരണയ്ക്കായി സർവകലാശാലകൾ കേന്ദ്രീകരിച്ച് ഹെറിറ്റേജ് ചെയർ സ്ഥാപിക്കുക.


സംരക്ഷിത സ്മാരകങ്ങൾ

 

1.

വിഴിഞ്ഞത്തെ ഗുഹാ ക്ഷേത്രങ്ങൾ സംരക്ഷിത സ്മാരകമാണെങ്കിലും തകർച്ചയുടെ വക്കിലാണ്.

അതു സംരക്ഷിക്കാൻ നടപടി വേണം.


 

2.

വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പല പൈതൃക വസ്തുക്കളും മാറ്റി സ്ഥാപിക്കേണ്ടി വരുന്നു.

ചുമടുതാങ്ങികൾ, സ്തൂപങ്ങൾ, പ്രതിമകൾ എന്നിവയൊക്കെ അതിലുൾപ്പെടും.

മണ്ണ് കുഴിക്കുമ്പോൾ പുതിയ പൈതൃക വസ്തുക്കൾ ലഭിക്കാനും സാധ്യതയുണ്ട്.

ഇവ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലെ ലഭ്യമായ സ്ഥലത്ത് പുനഃസ്ഥാപിക്കുകയും എവിടെ നിന്നാണ് കൊണ്ടുവന്നതെന്നു രേഖപ്പെടുത്തിയ ബോർഡ് സ്ഥാപിക്കുകയും വേണം.

എല്ലാം കൂടി ഒരിടത്ത് സ്ഥാപിക്കണമെന്നില്ല.

 


 

3.

കാന്തളൂർ ശാല കേരളത്തിന്റെ പ്രാചീന വിദ്യാഭ്യാസ സംസ്‌കാരത്തിന്റെ അനശ്വരചിഹ്നമാണ്.

ബിഹാർ സംസ്ഥാനത്തെ ഈ പ്രാചീന സർവകലാശാലയുടെ പുതിയ കാംപസ് 2024 നവംബർ 19ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമർപ്പിച്ചിരുന്നു.

അതേ മാതൃകയിൽ കാന്തള്ളൂർശാല നവീകരിച്ചാൽ കേരളചരിത്രത്തിൽ അതു പുതിയ അധ്യായമായിരിക്കും.

ടൂറിസം, വിദ്യാഭ്യാസ രംഗങ്ങളിൽ ഇതു പുതിയ അധ്യായമായിരിക്കും.

അതിനുള്ള സാധ്യതകൾ പഠിക്കാൻ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണം.

ഒൻപതാം ശതകത്തിൽ നിന്നാരംഭിച്ച് പതിനാലാം നൂറ്റാണ്ട് വരെ വിവിധ ചരിത്രരേഖകളിലും സാഹിത്യകൃതികളിലുമുള്ള പരാമർശങ്ങൾ, ശാലയുടെ വിശിഷ്ടത വ്യക്തമാക്കുന്നു.

പതിനാലാം നൂറ്റാണ്ടിലെ അനന്തപുരിവർണ്ണനം മുതൽ ചോളശാസനങ്ങളിൽ വരുന്ന “കാന്തളൂർചാല” എന്ന പ്രയോഗം വരെ ഈ ബൗദ്ധികകേന്ദ്രത്തിന്റെ വ്യാപകമായ ചരിത്രപരമായ പ്രസക്തി സാക്ഷ്യപ്പെടുത്തുന്നു.

വിദ്യാഭ്യാസവും ആദ്ധ്യാത്മികവിദ്യകളും സംയുക്തമായി പകർന്നുവെച്ച ഇത്തരമൊരു സ്ഥാപനത്തിന്റെ ആധാരങ്ങൾ നശിച്ചു പോകുന്നത് കേരളചരിത്രത്തിന് വലിയ നഷ്ടമായിരിക്കും.

അതിനാൽ, കാന്തളൂർ ശാലയുമായി ബന്ധപ്പെട്ട സ്ഥലങ്ങളും അവയുടെ ഐതിഹ്യപരമായ സാക്ഷ്യങ്ങളും അടയാളപ്പെടുത്തുകയും അവ സംരക്ഷിക്കാനുള്ള പ്രത്യേക നടപടികൾ സർക്കാർ സ്വീകരിക്കണമെന്നാവശ്യപ്പെടുന്നു.

 


 

4.

കഥകളിയിലെ കല്ലുവഴിചിട്ട പിറന്ന വെള്ളിനേഴി കലാഗ്രാമം സംസ്ഥാന ടൂറിസം വകുപ്പ് കലാഗ്രാമമായി പ്രഖ്യാപിച്ചിട്ടുണ്ട്.

40ൽ ഏറെ തനതു കലാരൂപങ്ങളുടെ നാടായ വെള്ളിനേഴിയെ ലോകത്തിനു പരിചയപ്പെടുത്തുന്നതിനായി ടൂറിസം വകുപ്പ് 3 കോടി രൂപ ചെലവിൽ വെള്ളിനേഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം സാംസ്കാരിക സമുച്ചയം നിർമിച്ചിട്ടുണ്ട്.

ഇതിനെ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവൻ മാതൃകയിൽ പുനഃസംഘടിപ്പിക്കുകയും കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക് റിസർച്ചിന്റെ ഒരു കേന്ദ്രം ഇവിടെ സ്ഥാപിക്കുകയും വേണം.

വള്ളുവനാട്ടിലും വടക്കേ മലബാറിലുമുള്ള വിദ്യാർഥികൾക്കും ഗവേഷകർക്കും ഇവിടം കേന്ദ്രീകരിച്ച് ഒരു സെന്റർ പരിഗണിക്കണം.

അസ്പർശ്യ പൈതൃകം (Intangible Heritage) സംബന്ധിച്ച ഒരു ഗവേഷണ കേന്ദ്രത്തിന്റെ സാധ്യതയും ഇവിടെ പരിഗണിക്കാവുന്നതാണ്.

സംസ്ഥാന കലാ പൈതൃക ഗവേഷണ കേന്ദ്രവും മ്യൂസിയവും ഇവിടെ സ്ഥാപിക്കുന്നതിന്റെ സാധ്യതയും പരിശോധിക്കണം.

ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഒരു സ്പെഷൽ ഓഫീസറെ നിയോഗിക്കണം.

ഒറ്റപ്പാലം സബ് കലക്ടർക്കു ചുമതല നൽകുന്നതാകും പ്രായോഗികം.

5.

കലാ–സാഹിത്യ പ്രവർത്തകർ, ഗവേഷകർ തുടങ്ങിയവരുടെ സ്വകാര്യ ശേഖരങ്ങളും വസ്തുവകകളും പലപ്പോഴും അന്യം നിന്ന് നശിച്ചുപോകുന്ന സ്ഥിതിയുണ്ട്.

ഇത് ഏറ്റെടുക്കുന്നതിന് സർക്കാരിനും സാംസ്കാരിക സ്ഥാപനങ്ങൾക്കും സാമ്പത്തിക പരിമിതിയുണ്ട്.

ഇവ സ്വകാര്യ പങ്കാളിത്തത്തോടെ സംരക്ഷിക്കാൻ കഴിയും.

അതിനു സർക്കാർ മേൽനോട്ടം ഉണ്ടാകണം.

ഇത്തരത്തിൽ കൃത്യമായ ബൈല ഉണ്ടാക്കി ഇത്തരം കേന്ദ്രങ്ങൾ കൈമാറാൻ നടപടി സ്വീകരിക്കണം.


 

6.

സംസ്ഥാനത്തുടനീളമുള്ള പ്രതിമകളുടെ പട്ടിക തയാറാക്കുക.

പ്രതിമകളും പാർക്കുകളും കേന്ദ്രീകരിച്ചുള്ള പൊതു പരിപാടികൾ സർക്കാരിനെയോ ബന്ധപ്പെട്ട ഏജൻസികളെയോ മുൻകൂട്ടി അറിയിക്കുന്നതിന് നടപടി വേണം.

ഒരാഴ്ചയ്ക്കുള്ളിൽ അവയുടെ പരിസരം ശുചീകരിച്ചുവെന്ന് ഉറപ്പുവരുത്തണം.

സർക്കാർ ശുചീകരണ സംവിധാനങ്ങളുടെ പരിധിയിൽ പ്രതിമകളുടെ ശുചീകരണവും ഉൾപ്പെടുത്തണം.


 

7.

ഉത്തരകേരളത്തിന്റെ ടൂറിസം സാധ്യതകൾ വേണ്ടവിധം ജനശ്രദ്ധയിലേക്കു വന്നിട്ടില്ല.

ഇവിടത്തെ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്താൻ സംവിധാനം വേണം.


 

8.

ഉത്തരകേരളത്തിലെ കാവുകളിലൂടെ പൈതൃക യാത്രയ്ക്കു തുടക്കം കുറിക്കണം.


 

9.

മാർഗി ഉൾപ്പെടെയുള്ള കലാപഠന കേന്ദ്രങ്ങളുടെ നിലഭദ്രമാക്കാനുള്ള ഇടപെടലുകൾ വേണം.


 

10.

സ്മാരകങ്ങളുടെ സംരക്ഷണത്തിന് സ്വകാര്യ പങ്കാളിത്തവും തേടാവുന്നതാണ്.

ലാഭത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സി.എസ്.ആർ. ഫണ്ട് ലഭ്യമാക്കുന്നതിനുമുള്ള സാധ്യതകൾ തേടണം.

അത്തരം ഇടപെടൽ നടത്താൻ കഴിയുന്ന ഫലപ്രദമായ പൈതൃക ഏജൻസി വേണം.


 

11.

തെയ്യം കലാരംഗത്തുള്ളവരുടെ സാമൂഹിക – സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് സർക്കാർ തലത്തിൽ സമഗ്രമായ പഠനം വേണം.


 

12.

തെയ്യവുമായി ബന്ധപ്പെട്ട വിശദമായ വിവര ശേഖരം നടത്തണം.


 

13.

മെയ് കോപ്പുകളുടെ അറ്റകുറ്റപ്പണി, കൊപ്പറകൾ നിർമിക്കൽ എന്നിവയ്ക്ക് ഗ്രാന്റോ സാമ്പത്തിക സഹായമോ ലഭ്യമാക്കണം.


 

14.

ക്ലാസിക്കൽ, നാടൻ കലാരൂപങ്ങളുടെ പട്ടികയിലുൾപ്പെടാത്ത ഒട്ടേറെ കലാരൂപങ്ങളുണ്ട്.

തെയ്യം, അയ്യപ്പൻപാട്ട് തുടങ്ങിയവ ഇതിലുൾപ്പെടും.

ഈ രംഗത്തെ കലാ പ്രവർത്തകർക്ക് ആനുകൂല്യവും അംഗീകാരവും കിട്ടാത്ത സാഹചര്യമാണ്.

ഇതു പരിഹരിക്കുന്നതിന് ശ്രമം വേണം.


ജൈവവൈവിധ്യ സംരക്ഷണം

 

1.

വിവിധ കാരണങ്ങളാൽ അന്യം നിൽക്കുന്ന ജീവി വർഗങ്ങളെക്കുറിച്ചും അവയുടെ നിലനിൽപിനെക്കുറിച്ചും സമഗ്ര പഠനം വേണം.


 

2.

തിരുവനന്തപുരത്തെ അഗസ്ത്യകൂടം, പാലക്കാട് ജില്ലയിലെ കല്ലടിക്കോടൻ മലനിരകൾ, അട്ടപ്പാടി എന്നിവിടങ്ങളിലെ ജൈവവൈവിധ്യത്തെക്കുറിച്ച് സമഗ്ര പഠനം വേണം.


 

3.

വനവിഭവങ്ങൾ, ഔഷധ സസ്യങ്ങൾ എന്നിവയുടെ കണക്ക് തയാറാക്കണം.


സമുദ്ര പൈതൃകം

 

4.

ഓടക്കുഴലുണ്ടാക്കുന്നതിനുള്ള പ്രത്യേക തരം മുളകൾ, കഥകളി കോപ്പുണ്ടാക്കുന്ന കുമിൾ മരം എന്നിവ നട്ടു പരിപാലിക്കാൻ സംവിധാനം ഒരുക്കുക.


 

ഉപസംഹാരം

പൈതൃക സംരക്ഷണം ഒരു ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്.

കാലക്രമത്തിൽ ആന്തരികവും ബാഹ്യവുമായ വെല്ലുവിളികൾ അവഗണിക്കാൻ കഴിയാത്തതായ സാഹചര്യത്തിൽ, സംസ്ഥാന സർക്കാർ ഈ ശുപാർശകൾ ഗൗരവത്തോടെ പരിഗണിക്കണമെന്ന് ഒന്നാം പൈതൃക കോൺഗ്രസ് അഭ്യർത്ഥിക്കുന്നു.


വിശ്വാസപൂർവം
  • ഡോ. എം.ജി. ശശിഭൂഷൺ (ചെയർമാൻ, കേരള പൈതൃക കോൺഗ്രസ്)

  • കെ. എം. ചന്ദ്രശേഖർ (മുൻ ക്യാബിനറ്റ് സെക്രട്ടറി)

  • ടി. ബാലകൃഷ്ണൻ (മുൻ അഡിഷണൽ ചീഫ് സെക്രട്ടറി)

  • ഡോ. ടി. പി. ശങ്കരൻകുട്ടി നായർ (ചരിത്രകാരൻ)

  • ഡോ. വി. കാർത്തികേയൻ നായർ

  • പ്രഫ. എസ്. രാജശേഖരൻ നായർ (വൈസ് ചെയർമാൻ, പൈതൃക കോൺഗ്രസ്)

  • പ്രതാപൻ കിഴക്കേ മഠം (ജനറൽ കൺവീനർ, പൈതൃക കോൺഗ്രസ്)

  • കെ. ഗീത (അധ്യക്ഷ, മീഡിയ കമ്മിറ്റി)

  • സന്ദീപ് വാസുദേവൻ (ചെയർമാൻ, തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജ്)

  • സംഗീത് കോയിക്കൽ (പ്രസിഡന്റ്, തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജ്)

  • ആർ. ശശിശേഖർ (തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജ്)