രണ്ടാം പൈതൃക കോൺഗ്രസ് 2026

ആമുഖം

തിരുവനന്തപുരം. പൈതൃകാവബോധത്തിനായി തലസ്ഥാനത്ത് ഒരു കേന്ദ്രം വേണമെന്ന് തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിൻ്റെ രണ്ടാം പൈതൃക കോൺഗ്രസ് ആവശ്യപ്പെട്ടു. മൂന്നു ദിവസത്തെ കോൺഗ്രസിൻ്റെ സമാപന സമ്മേളനത്തിൽ ചെയർമാൻ ഡോ. എം.ജി. ശശിഭൂഷൺ ആണ് ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. മധ്യ പ്രദേശ്, യു പി, രാജസ്ഥാൻ എന്നിവിടങ്ങളിൽ തകർന്നു പോയ 26 ക്ഷേത്രങ്ങൾ നവീകരിച്ചതിനെപ്പറ്റി ഡോ.കെ.കെ. മുഹമ്മദ് പ്രഭാഷണം നടത്തി. അദ്ദേഹവുമായി സംവാദവും നടന്നു. അച്യുത് ശങ്കർ എസ്. നായർ മോഡറേറ്ററായി. പൈതൃക സംരക്ഷണം ജീവിതവും ദർശനവും എന്ന സെമിനാറിൽ ഗീത മധു മോഡറേറ്ററായി. സമാപന സമ്മേളനം ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്തു. തണൽക്കൂട്ടം ചെയർമാൻ സന്ദീപ് വാസുദേവൻ അധ്യക്ഷനായി. എം.ജി. ശശിഭൂഷൺ, ആശാലതാ തമ്പുരാൻ, ഡോ. ടി.പി. ശങ്കരൻകുട്ടി നായർ, ഡോ. വെള്ളിനേഴി അച്ചുതൻകുട്ടി, സുദർശൻ കാർത്തിക പറമ്പിൽ, സംഗീത് കോയിക്കൽ, അനിൽ ചേർത്തല ഡോ. ബി.എസ്. ബിനു, ജീൻ പോൾ, എന്നിവർ പ്രസംഗിച്ചു.മരിയൻ കോളജ് ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്ങ് വിദ്യാർഥികൾ ഒരുക്കിയ പ്രദർശനവും നടന്നു.

രണ്ടാം പൈതൃക കോൺഗ്രസ് 2026

പുരസ്കാരങ്ങൾ

രണ്ടാം പൈതൃക കോൺഗ്രസ് 2026-ന്റെ ഭാഗമായി വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.

പുരസ്കാര ജേതാക്കൾ
  • ഡോ. വി. രാജേന്ദ്രൻവി.വി.കെ. വാലത്ത് പുരസ്കാരം

  • രചന വേലപ്പൻ നായർഭാഷാ പൈതൃക പുരസ്കാരം

  • സായാനാഥ് മേനോൻപൈതൃക സംരക്ഷണ പുരസ്കാരം

പൈതൃക കോൺഗ്രസിന്റെ ആദരം

പൈതൃക സംരക്ഷണം, ഗവേഷണം, സാംസ്കാരിക പ്രവർത്തനം, സാമൂഹിക ഇടപെടൽ തുടങ്ങിയ മേഖലകളിൽ നൽകിയ വിലപ്പെട്ട സംഭാവനകളെ മാനിച്ച് താഴെപ്പറയുന്ന വ്യക്തികളെ പൈതൃക കോൺഗ്രസ് ആദരിച്ചു.

  1. ഡോ. എൻ. പി. സുരേഷ് ബാബു

  2. ആന്റണി ക്ലമന്റ്

  3. ഡോ. യു. ഉഷാദേവി

  4. പ്രേംസുജ

  5. ഫാ. ഡോ. ജോസ് താണിക്കൽ

  6. അജിത് കുമാർ

  7. തങ്കൻ തിരുവട്ടാർ

  8. ആർ. ചന്ദ്രൻപിള്ള

  9. ടി. ജെ. ശ്രീജിത്ത്

  10. ലാൽജി ജോർജ്

  11. എഴുമറ്റൂർ രാജരാജവർമ

  12. മനോജ് മാതിരപ്പള്ളി

  13. ഡോ. വി. സുമിത

whatsapp image 2026 06 21 at 22.05.57

രണ്ടാം പൈതൃക കോൺഗ്രസിന് തുടക്കമായി

സിനിമാ–ഡോക്യുമെന്ററി ഫെസ്റ്റിവൽ നടന്നു

തിരുവനന്തപുരം: തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ രണ്ടാം പൈതൃക കോൺഗ്രസ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു.

പൈതൃക പഠനത്തിനും വിവരശേഖരണത്തിനുമായി തലസ്ഥാനം കേന്ദ്രമാക്കി ഒരു പ്രത്യേക കേന്ദ്രം സ്ഥാപിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പൈതൃക കോൺഗ്രസ് ചെയർമാൻ ഡോ. എം.ജി. ശശിഭൂഷൺ അധ്യക്ഷത വഹിച്ചു. സംവിധായകൻ ശ്യാമപ്രസാദ്, ചരിത്രകാരൻ ഡോ. ടി.പി. ശങ്കരൻകുട്ടി നായർ, സംവിധായകൻ എസ്.വി. ദീപക്, പ്രതാപ് കിഴക്കേമഠം, സേവ്യർ ലോപ്പസ്, തണൽക്കൂട്ടം ചെയർമാൻ എസ്.വി. സന്ദീപ്, പ്രസിഡന്റ് സംഗീത് കോയിക്കൽ എന്നിവർ പ്രസംഗിച്ചു.

ഇതോടനുബന്ധിച്ച് സിനിമാ–ഡോക്യുമെന്ററി ഫെസ്റ്റിവലും സംഘടിപ്പിച്ചു. എൻ.എഫ്.ഡി.സി.ക്കായി എസ്.വി. ദീപക്കും ഡിംപിൾ ദുർഗറും ചേർന്ന് നിർമ്മിച്ച “റാണി ഗൈഡിൻലിയു” ആദ്യ ചിത്രമായി പ്രദർശിപ്പിച്ചു.

തുടർന്ന് താഴെപ്പറയുന്ന ചിത്രങ്ങളും പ്രദർശിപ്പിച്ചു:

  • സന്ധ്യാ സാന്ത്വനം

  • നാഞ്ചിനാട്

  • ഗുരുദേവ്

  • എന്നിട്ടും കാന്തള്ളൂർശാല

  • അകം

കുളച്ചൽ യുദ്ധവിജയ വാർഷികാചരണം

തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 31-ന് കുളച്ചൽ യുദ്ധവിജയ വാർഷികം ആചരിച്ചു.

ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച പൈതൃക യാത്ര കരസേനയുടെ പാങ്ങോട് കുളച്ചൽ ഗേറ്റിന് സമീപം പുലർച്ചെ 5.30-ന് ബ്രിഗേഡിയർ ക്യാമ്പ് കമാൻഡന്റ് കിരൺ കെ. നായർ ഫ്ലാഗ് ഓഫ് ചെയ്തു.

കുളച്ചലിലെ യുദ്ധവിജയ സ്മാരകത്തിൽ രാവിലെ 7.30-ന് പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം, രണ്ടാം പൈതൃക കോൺഗ്രസിന്റെ ഭാഗമായുള്ള പൈതൃക പ്രവർത്തകരുടെ സംഗമം എന്നിവ നടന്നു.

തുടർന്ന് ഡിലനോയി അന്ത്യവിശ്രമം കൊള്ളുന്ന ഉദയഗിരി കോട്ടയും പാർഥിവപുരം ശാലയും ഉൾപ്പെടെയുള്ള ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങൾ പൈതൃക യാത്ര സന്ദർശിച്ചു.

രണ്ടാം പൈതൃക കോൺഗ്രസിന് ഗംഭീര പടിയിറക്കം

– ഗീത മധു

ചരിത്രവും സംസ്കാരവും വെറും ഓർമ്മകളല്ല; ഇന്നും നാളെയും ജീവിക്കുന്ന മൂല്യങ്ങളാണെന്ന ബോധ്യം ശക്തമായി ഉണർത്തിക്കൊണ്ട് രണ്ടാം പൈതൃക കോൺഗ്രസ് ഗംഭീരമായ പടിയിറക്കത്തോടെ സമാപിച്ചു.

രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനം ആശയങ്ങളുടെ ഉത്സവവും അനുഭവങ്ങളുടെ സംഗമവുമായിത്തീർന്നു. പൈതൃക സംരക്ഷണത്തിന്റെ പുതിയ വഴികൾ തുറന്നുകാട്ടിയ സമ്മേളനം പങ്കെടുത്തവർക്കെല്ലാം അവിസ്മരണീയ അനുഭവമായി.

അവസാന ദിനത്തിലെ ഏറ്റവും ശ്രദ്ധേയമായ അവതരണങ്ങളിലൊന്നായിരുന്നു കെ.കെ. മുഹമ്മദ് സാറിന്റെ സംഭാവനകളെക്കുറിച്ചുള്ള അവതരണം. “പൈതൃകം സംരക്ഷിക്കേണ്ട ബാധ്യത” എന്ന ചിന്തയിൽ നിന്ന് “പൈതൃകം ജീവിക്കേണ്ട അനുഭവം” എന്ന ഉയർന്ന ബോധത്തിലേക്ക് അത് നമ്മെ നയിച്ചു.

അക്കാദമിക് ചർച്ചകൾ, പ്രായോഗിക അവതരണങ്ങൾ, അനുഭവസാക്ഷ്യങ്ങൾ എന്നിവ സമ്മേളനത്തെ സമ്പന്നമാക്കി.

ഒന്നാം ദിവസത്തെ ഉദ്ഘാടന സമ്മേളനത്തിൽ തമ്പുരാട്ടിയുടെ സാന്നിധ്യവും സമാപന സമ്മേളനത്തിൽ സാംസ്കാരിക ഡയറക്ടർ ദിവ്യ എസ്. അയ്യറുടെ സാന്നിധ്യവും പരിപാടിക്ക് പ്രത്യേക തിളക്കം നൽകി.

വാസ്തുവിദ്യ, പുരാവസ്തു, ചരിത്രം, പരിസ്ഥിതി, നിയമം തുടങ്ങിയ വിവിധ മേഖലകളിലെ വിദഗ്ധർ ഒരേ വേദിയിൽ സംവദിച്ചപ്പോൾ പൈതൃക സംരക്ഷണം ഒരു വിഭാഗത്തിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും അത് സമൂഹത്തിന്റെ സമഗ്ര പങ്കാളിത്തം ആവശ്യപ്പെടുന്ന പ്രവർത്തനമാണെന്നും വ്യക്തമായി.

സമാപന സമ്മേളനത്തിലെ മുഖ്യാതിഥിയായ ആശാ ലതാ തമ്പുരാൻ ഈ ആശയം ഊന്നിപ്പറഞ്ഞു. ഗവേഷകർ, വിദ്യാർത്ഥികൾ, വാസ്തുശില്പികൾ, ചരിത്രകാരന്മാർ തുടങ്ങിയവർ നടത്തിയ സംവാദങ്ങൾ ഭാവിയിലെ പൈതൃക പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറയാകുമെന്ന പ്രതീക്ഷ പകർന്നു.

അവസാന സെഷനുകളിൽ മുഴങ്ങിയ പ്രധാന സന്ദേശം പ്രതീക്ഷയുടേതായിരുന്നു. പഴയ കെട്ടിടങ്ങൾക്കും ക്ഷേത്രങ്ങൾക്കും പൈതൃക കേന്ദ്രങ്ങൾക്കും പുറമെ, പഴമയുടെ അനേകം സൂക്ഷ്മ അടയാളങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ശക്തമായി ഉയർന്നു. ഈ മേഖലയിൽ തണൽക്കൂട്ടം കൂടുതൽ മുൻകൈ എടുക്കണമെന്നും അഭിപ്രായമുയർന്നു.

തമ്പുരാൻപാട്ട് അവതരണവും മരിയൻ ആർക്കിടെക്ചർ കോളേജിന്റെ പ്രദർശനവും സമ്മേളനത്തിന് പ്രത്യേക ആകർഷണമായി.

സംഘടനാപരമായ മികവും പ്രത്യേകം ശ്രദ്ധേയമായിരുന്നു. രാവിലെ 9.30-ന് ആരംഭിച്ച് വൈകിട്ട് 5 മണിക്ക് സമാപിക്കുന്ന സമയക്രമം കൃത്യമായി പാലിക്കപ്പെട്ടു. പങ്കെടുത്തവർക്കായി ഒരുക്കിയ ഭക്ഷണവും സ്നേഹപൂർവമായ ആതിഥേയത്വവും സമ്മേളനത്തെ കൂടുതൽ ഹൃദ്യമാക്കി.

അവസാനം, കൈയടികളോടും നിറഞ്ഞ മനസ്സുകളോടും കൂടി രണ്ടാം പൈതൃക കോൺഗ്രസ് സമാപിക്കുമ്പോൾ എല്ലാവരും ഒരേ അഭിപ്രായത്തിലായിരുന്നു—ഇത് ഒരു സമാപനം മാത്രമല്ല, പുതിയൊരു തുടക്കമാണ്.

പൈതൃകത്തെക്കുറിച്ചുള്ള ബോധവും ഉത്തരവാദിത്വവും പ്രവർത്തന ഊർജവും സമൂഹത്തിലേക്ക് കൂടുതൽ വ്യാപിക്കാനുള്ള ഒരു നിർണായക നിമിഷമായിരുന്നു ഈ സമ്മേളനം.

ഗംഭീരമായ പടിയിറക്കം.

ഈ സമ്മേളനം മുന്നോട്ടുവച്ച ആശയങ്ങളുടെ സാക്ഷാത്കാരത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കാം. മൂന്നാം പൈതൃക കോൺഗ്രസിനായുള്ള പ്രതീക്ഷകളോടെ മുന്നേറാം.